വിനോദസഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമായ കെട്ടുവള്ളങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ധാരാളം ഉപയോഗിച്ചിരുന്ന ഒരിടമുണ്ട്. ആലപ്പുഴയോ കുമരകമോ അല്ല, കൊല്ലത്തെ മണ്‍റോ തുരുത്താണ് അത്. പാചകത്തിനും ഉറക്കത്തിനും കെട്ടുറപ്പുള്ള ഒരു ചെറിയ മുറി, ചരക്കു കയറ്റാനുള്ള സൗകര്യം.
ദിവസങ്ങളോളം യാത്രചെയ്യാൻ സൗകര്യമുള്ളതായിരുന്നു ഈ വള്ളങ്ങൾ. കുടുംബ സമേതമുള്ള തീർഥാടന യാത്രകൾക്കും, വെള്ളപ്പൊക്കമുണ്ടാകുന്ന കാലങ്ങളിൽ സുരക്ഷിതകേന്ദ്രമായും ഇവ ഉപയോഗിച്ചു.
അഷ്ടമുടി- കായംകുളം കായലുകൾ വഴി, ആലപ്പുഴ തോടുകടന്ന് കോട്ടപ്പുറത്തെത്തി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനത്തിനു പോകുമായിരുന്നത്രേ കുടുംബങ്ങൾ. ഏതാണ്ട് രണ്ടാഴ്ചയെടുക്കുന്ന യാത്ര! ഇന്നത് ഭാവനയിൽ കാണാനേ കഴിയൂ.
അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയ്ക്കുള്ള ദ്വീപസമൂഹമാണ് മണ്‍റോ തുരുത്ത്. യാത്രികർക്ക് പ്രിയപ്പെട്ട ഇടമാണ് ഇപ്പോൾ ഇത്. കൊല്ലം പട്ടണത്തിൽനിന്ന് ഏതാണ്ട് 25 കിലോമീറ്റർ ദൂരം. റെയിൽവേ സൗകര്യവുമുണ്ട്. തിരുവിതാംകൂർ ദിവാനായിരുന്ന കേണൽ മണ്‍റോയുടെ സ്മരണാർഥമാണ് ദ്വീപിന് ഈ പേരു ലഭിച്ചത്.
ചെറിയ വള്ളങ്ങളിൽ കണ്ടൽക്കാടുകൾ കണ്ടുള്ള യാത്രകൾ, മണ്‍റോ സായിപ്പിന്റെ ബംഗ്ലാവ്, ദേവാലയങ്ങൾ, കൃഷിയിടങ്ങൾ, രുചികരമായ ഭക്ഷണം... കാണാനും അറിയാനും ആസ്വദിക്കാനും തുരുത്തിൽ ഒട്ടേറെയുണ്ട്. റിസോർട്ടുകൾ അടക്കം താമസസൗകര്യങ്ങളും ലഭ്യമാണ്.
ഡെൽറ്റാ പ്രദേശം എന്ന നിലയിൽ പ്രാധാന്യമുള്ള ജൈവവൈവിധ്യ പ്രദേശമാണ് ഇവിടം. കടലിനോടു ചേരുന്നതിനാൽ മത്സ്യസന്പത്തും ധാരാളം.